ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
പ്രാദേശിക ചരിത്രംഎ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ വൈപ്പിൻകര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതിനുമുമ്പ് തന്നെ ദീർഘകാലമായി നദി ഒഴുക്കിക്കൊണ്ട് വന്നിട്ടുള്ള എക്കലും മണ്ണും ഈ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ടാകണം. ഇപ്രകാരം വൈപ്പിൻകര രൂപപ്പെട്ടുവരുന്നതിന് മുമ്പ് തന്നെ നെടുങ്ങാട്, പുത്തൻകാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങൾ ഉണ്ടായിരുന്നു എന്നാണ് നിഗമനം. വെള്ളപ്പൊക്ക സമയത്ത് കൂടി ഈ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെടുകയും, വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടാകും. ക്രമേണ സമുദ്രം പിൻവാങ്ങുകയും കൂടി ചെയ്തപ്പോൾ ഇപ്പോഴത്തെ വൈപ്പിൻകര രൂപപ്പെടുകയായിരുന്നു. കടലിനും കായലിനും മധ്യേയുള്ള ഈ പ്രദേശം നാട്ടുരാജാക്കന്മാർ തമ്മിലും വിദേശികൾ തമ്മിലും നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എ.ഡി. 1503-ൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ഒരു കോട്ട വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറത്ത് ഇന്നും വലിയ കേടുപാടുകളൊന്നുമില്ലാതെ നിലകൊള്ളുന്നു. 1663-ൽ പോർച്ചുഗീസുകാർ ഈ കോട്ട ഡച്ചുകാർക്ക് വിട്ടുകൊടുത്തു. പിന്നീട് 1789-ൽ തിരുവിതാംകൂറിലെ വലിയ ദിവാൻജി ആയിരുന്ന വേലുത്തമ്പി ദളവയുടെ സമർത്ഥമായ ഇടപെടലിനെ തുടർന്ന് തിരുവിതാംകൂർ രാജാവ് ഡച്ചുകാരിൽ നിന്നും കോട്ട വിലക്കുവാങ്ങി. പള്ളിപ്പുറം പള്ളിയുടെ തെക്കുഭാഗം മുതൽ വടക്കോട്ട് കൊടുങ്ങല്ലൂർ ആഴി വരെയുള്ള പ്രദേശം തിരുവിതാംകൂർ രാജാവിന്റേതായി. കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കുന്ന അതിർത്തിക്കല്ല് (കൊ.തി.കല്ല്) ഇന്നും അവിടെ കാണാം. വൈപ്പിൻകരയുടെ മുഴുവൻ അവകാശങ്ങളും എ.ഡി. 1654-ആമാണ്ടിൽ (കൊല്ലവർഷം 829-ൽ) കൊച്ചി തമ്പുരാൻ തന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന് അട്ടിപ്പേറായി നൽകി എന്ന് ലോഗന്റെ മലബാർ മാന്വലിൽ പറയുന്നു. എ.ഡി. 1860 മുതൽ 1879 വരെ കൊച്ചിയിലെ ദിവാനായിരുന്ന തോട്ടക്കാട്ടു ശങ്കുണ്ണി മേനോൻ വൈപ്പിൻകരയിൽ ചിറകൾ കെട്ടിക്കുകയും വെള്ളം വാർന്നു പോകുന്നതിന് തോടുകൾ നിർമ്മിക്കുകയും ചെയ്തതു നിമിത്തം ഒട്ടേറെ പ്രദേശം നെൽകൃഷിയോഗ്യമായിത്തീർന്നു. ഒരു കാലത്ത് ചെത്തു തൊഴിലാളികൾ ഇവിടെ ധാരാളമുണ്ടായിരുന്നു. നിരവധിയാളുകൾ കയറിന്റെയും കയർ ഉല്പന്നങ്ങളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിച്ചിരുന്നു.സാംസ്കാരിക ചരിത്രംക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളോടൊപ്പം ഇവിടുത്തെ ജനസഞ്ചയത്തിൽ ഉൾപ്പെട്ടിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പന്റെയും പ്രവർത്തനങ്ങൾ ഇവിടെയും അലയടികൾ ഉളവാക്കി. ഇതോടൊപ്പം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളർന്നു വരാൻ ഇടയായി. വിവിധ മതക്കാരുടെയും ജാതിക്കാരുടെയും നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ഇതിൽ ഹിന്ദുക്കളുടെ ഒരു പ്രധാന ആരാധനാലയമാണ് അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വടക്കുംചേരി അച്ഛന്മാരുടെ കുടുംബത്തിൽ ബന്ധമുണ്ടായിരുന്ന ഒരു രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നു പറയപ്പെടുന്നു. വടക്കഞ്ചേരിക്കാരുടെ കുടുംബവകയായിരുന്ന ഈ ക്ഷേത്രം പിൽക്കാലത്ത് കൊച്ചി ദേവസ്വത്തിന് കൈമാറുകയാണുണ്ടായത്. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയിൽ നല്ലൊരു ഭാഗം വരുന്ന ലത്തീൻ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാലയമാണ് സെന്റ് ആംബ്രോസ് പള്ളി. വിശുദ്ധ അംബ്രോസിന്റെ പേരിലുള്ള ഇന്ത്യയിലെ ഏക ദേവാലയമാണിത്. ക്രിസ്തുവർഷം 1856-ൽ ഈ പള്ളിയുടെ ശിലാസ്ഥാപനം നടന്നതായിട്ടാണ് രേഖകൾ പറയുന്നത്. ആരംഭത്തിൽ ഇത് നായരമ്പലം വാടേൽ പള്ളിയുടെ ഒരു കപ്പേള മാത്രമായിരുന്നു. പിൽക്കാലത്ത് സ്വതന്ത്രമായ പള്ളിയായിത്തീർന്നു. 1962-ൽ ആണ് ഇന്നു കാണുന്ന ഈ പള്ളി പുതുക്കി പണിതത്. ആദ്യമായി ഈ ഗ്രാമത്തിൽ നിലവിൽ വന്ന വിദ്യാലയം സർക്കാർ ഇംഗ്ലീഷ് പ്രൈമറി സ്കൂൾ ആയിരുന്നു. കൊല്ലവർഷം 1084-ആമാണ്ടിൽ ഈ വിദ്യാലയം ആരംഭിച്ചു എന്നാണ് റെക്കോർഡുകളിൽ നിന്നും മനസ്സിലാകുന്നത്. 1096-ൽ സന്മാർഗ്ഗിക പ്രദീപിക സഭ വക മറ്റൊരു പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിൽ ആരംഭിച്ചു. വൈപ്പിൻകരയിലെ പഴക്കം ചെന്ന ഗ്രന്ഥശാലകളിലൊന്നായ ഇക്ബാൽ സ്മാരക വായനശാല 9-ാം വാർഡിൽ അണിയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. ഗ്രന്ഥശാല സംഘത്തിന്‍റെ ബി ഗ്രേഡ് ഗ്രാന്‍റിന് അർഹത നേടിയ ഈ ഗ്രന്ഥശാല ഏറെ കാലം എടവനക്കാട് ഗ്രാമത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു.